Thursday, October 20, 2011

മറക്കാതിരിയ്ക്കുക തങ്കമണി
 
 
 
 
1986 ലെ  ഒരു രാത്രിയില്‍ ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തില്‍ പോലീസ്സുകാര്‍ നടത്തിയ കൂട്ട ബലാല്‍സംഗം . പോലീസ്സിനെ കയറൂരി വിട്ടു എതിരാളികെളെ തകര്‍ക്കുന്ന ക്രൂരത .അത് നടന്നത് കൊണ്ഗ്രസ്സിലെ ലീഡര്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ ഭരണകാലത്തായിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അനുയായി കുഞ്ഞൂഞ്ഞിന്റെ ഭരണകാലമാണ്.തുടക്കത്തിലേതന്നെ മുന്‍ഗാമിയുടെ വഴിയിലൂടെയാണ് കുഞ്ഞൂഞ്ഞും പോകുന്നത്. പോലീസ്സിനെ കൊണ്ട് ജനങ്ങളെ ഉപദ്രവിയ്ക്കകയാണ് .ജനാധിപത്യത്തിന്റെ പേരില്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ ജനം തിരിച്ചറിയും.തങ്ങള്‍ക്കു  നേരെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളെ ആര്‍ജ്ജവത്തോടെ നേരിടേണ്ടതിനു  പകരം ചോരയില്‍ മുക്കി ക്കൊല്ലനാണ് ശ്രമിയ്ക്കുന്നത്.നിര്‍മല്‍ മാധവനെ വഴിവിട്ടു
സഹായിയ്ക്കുന്നു, എ സി പി രാധാകൃഷ്ണപിള്ളയെ രക്ഷിയ്ക്കുന്നു അങ്ങനെയെന്തെല്ലാം കാര്യങ്ങള്‍.അഴിമതി പ്രത്യക്ഷമായിത്തന്നെ  അലങ്കാരമായണിഞ്ഞു  കൊണ്ട് ഭരണം നടത്തുമ്പോള്‍ തങ്കമണി ഓര്‍മ്മയില്‍ വന്നാല്‍ തെറ്റ് പറയാന്‍ പറ്റില്ല .പോലീസുകാരെ ചട്ടുകമാക്കി നടത്തുന്ന അതിരാത്രങ്ങള്‍ ഒടുവില്‍ കുലം കത്തിച്ചു ചാമ്പലാക്കുന്നതിലെ  അവസാനിയ്ക്കുകയുള്ളൂ. ചാവടുക്കുംപോള്‍ ചിലര്‍ക്ക് ചില കുബുദ്ധികള്‍  തോന്നുമെന്ന് പറയാറുണ്ട്‌. അതുകൊണ്ട് നമ്മുടെ സഹോദരിമാരുടെ രക്ഷയ്ക്കായി കണ്ണുനട്ടു കാത്തിരിക്കുക.ഇല്ലെങ്കില്‍ തങ്കമണി ആവര്‍ത്തിയ്ക്കും.

Wednesday, September 28, 2011

എഴുത്തിന്റെ പുണ്യം വന്ന വഴി

എഴുത്തിന്റെ പുണ്യം വന്ന വഴി
      
         വയലരുകിലെ ഓലപ്പുരയുടെ കോലായില്‍ തെളിഞ്ഞു കത്തുന്ന നിലവിളക്കിന്‍ മുന്നിലെ പനയോലതടുക്കിലിരുന്നു എകാഗ്രചിത്തനായി ഭാഗവതപാരായണം ചെയ്യുന്ന അപ്പന്‍ (അച്ഛന്‍)) ))....,), അദ്ദേഹത്തിന്‍റെ സ്വരത്തിന്  ആദ്രമായ ഒരു വശ്യതയുണ്ടായിരുന്നു. രാവിന്റെ നിശബ്ദതയെ ഭേദിയ്ക്കുന്ന ആ അമൃതധാരയായിരിയ്ക്കണം ആദ്യമായി മനസ്സിലിറ്റു വീണ കാവ്യബിന്ദു .അദ്ദേഹം ജോലികഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ തുഞ്ചനേയും  കുഞ്ചനേയും പരിചയപ്പെടുത്തി  തരാനെന്നപോലെ രാമായണകഥകളും  തുള്ളല്‍കഥകളും യഥേഷ്ടം പറഞ്ഞു തരാറുള്ളതു കൊണ്ടായിരിയ്ക്കാം ബാല്യത്തിന്റെ നാട്ടിടവഴികളില്‍ വച്ചുതന്നെ രാമരാവണന്മാരും പാണ്ഡവകൌരവന്മാരും സഹായാത്രികരായത്.
     
     അതുപോലെ തന്നെ മറ്റൊരു വഴികൂടി എന്നിലേയ്ക്ക് വന്നു ചേര്‍ന്നിട്ടുള്ളത്  മുത്തശ്ശിയായിരുന്നു. ഉറക്കത്തിന്റെ മുന്നൊരുക്കങ്ങളില്‍ എന്റെ ചേതനയിലേയ്ക്കു കിനിഞ്ഞിറങ്ങിയ നാട്ടുഭാഷയുടെ കൈപ്പുണ്യമായിരുന്നു മുത്തശ്ശി. വിദ്യാഭ്യാസ്സമില്ലതിരുന്നിട്ടും വായ്മൊഴിയായി പകര്‍ന്നുകിട്ടിയ ആ മുത്തിമൊഴികള്‍ മൊഴിമുത്തുകളായി പകര്‍ന്നാട്ടം നടത്തിയ ഭീമനും കൃഷ്ണകുചേലന്മാരും  ഏതു ചിന്തകളിലും തൊട്ടരുകില്‍ നിന്ന് കൈതൊട്ടു വിളിയ്ക്കാന്‍, കാവ്യബിംബങ്ങളായി കൂട്ടുവരാന്‍,  എതിര്‍ത്തു നിന്ന് കലഹിയ്ക്കാന്‍,എന്നെ പ്രാപ്തനാക്കി. പണ്ട്, രണ്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ "സ്നേഹിച്ചവന് തലകൊടുത്തൂ" എന്ന പേരില്‍ ഒരു വാഴയുടെ ആത്മകഥ പഠിയ്ക്കാന്‍ ഉണ്ടായിരുന്നു. ഒരിയ്ക്കല്‍ ആ പാഠം വായിച്ചു ഞാന്‍ തേങ്ങിക്കരഞ്ഞു,അപ്പോള്‍ എന്നരികില്‍ വന്നിരുന്ന മുത്തശ്ശി പറഞ്ഞു...മോനെ ഇത് കഥയല്ലേ, ഇത് വായിച്ചു നീ കരഞ്ഞെങ്കില്‍ നിന്റെയുള്ളില്‍ നന്മയുണ്ട്...മുത്തശ്ശിയുടെ വാക്കുകള്‍ ഒരനുഗ്രഹമായിരുന്നോ?

      വൃശ്ചികമാസത്തിലെ മഞ്ഞണിരാവുകള്‍ സാന്ദ്രമാക്കുന്ന ഉടുക്കിന്റെയും ഇളം കാറ്റിലൊഴുകിയെത്തുന്ന ശാസ്താംപാട്ടിന്റെയും നാദലയങ്ങളും, കൂട്ടുകാരും അദ്ധ്യാപകരും പരിചയപ്പെടുത്തിയതും പുസ്തകങ്ങളും  പ്രകൃതിയും പകര്‍ന്ന അനുഭവചിണുങ്ങുകളും  എഴുത്തിലേയ്ക്കു നടക്കുന്നതിനു  പ്രേരകമായി.
     അടിയന്തരാവസ്ഥ നടമാടുന്ന എഴുപതുകളുടെ അന്ത്യത്തില്‍ (എട്ടാംക്ലാസ്സില്‍  പഠിയ്ക്കുന്ന സമയം) സ്ക്കൂള്‍ നാടകം എഴുതിക്കൊണ്ടാണ്  എഴുത്തിന്റെ  വഴിയെത്തിയത്  നാടകവും ചെറുകഥകളുമായി എഴുത്ത്  സ്വകാര്യസ്വത്തായി കുറേക്കാലം കൊണ്ട് നടന്നു.പിന്നീടെപ്പോഴോ കവിതയിലേയ്ക്ക് (കൃത്യമായിപ്പറഞ്ഞാല്‍ എന്പതുകളുടെ ആദ്യം) വന്നെത്തുകയായിരുന്നൂ........

Thursday, September 22, 2011

വായനയുടെ വര്‍ത്തമാനം

വായനയുടെ വര്‍ത്തമാനം  
 
  മറക്കാന്‍ കഴിയാത്ത  ഓര്‍മ്മകള്‍ ഒരു ബാധ്യതയാണ്. ചില പുസ്തകങ്ങളും  അത് പോലെതന്നെ. ഒരാവര്‍ത്തിയെ  വായിച്ചുള്ളൂവെങ്കിലുംഅത് നമ്മുടെ  മനസ്സിലുണ്ടാക്കുന്ന ചലനത്തിന്റെ അലയടങ്ങില്ല വേഗത്തില്‍.കുട്ടിക്കാലത്തൊരിയ്ക്കല്‍ മാത്രം വായിച്ച കുഞ്ഞിക്കൂനന്‍ എന്ന നോവല്‍ 
ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
എന്തുകൊണ്ടാണിത്  സംഭവിയ്ക്കുന്നത്? സാഹിത്യത്തിനു ഇങ്ങനെയൊരു  ശക്തിയുണ്ട്.  അത് കുട്ടികളുടെ നോവലാണെങ്കിലും അതിന്നുള്ളില്‍  അന്തര്‍ലീനമായിരിയ്ക്കുന്ന സന്ദേശം  മഹത്തായതുകൊണ്ടാണ് . അങ്ങനെയുള്ള  കൃതികള്‍ ഇന്നുണ്ടാകുന്നില്ല. അത് മാത്രവുമല്ല ഇന്ന് സ്കൂളുകളില്‍  സജീവമായ  വായനാശീലം  വളര്‍ത്തിയെടുക്കുന്നതില്‍  പല അദ്ധ്യാപകരും ശുഷ്ക്കാന്തി കാണിയ്ക്കുന്നില്ല. അത് നമ്മുടെ കുട്ടികളില്‍ മാതൃഭാഷയോടുള്ള മമത കുറയ്ക്കുന്നതിന്  കാരണമായിട്ടുണ്ട്. അതുപോലെ തന്നെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് സജീവമായിരുന്ന ഗ്രന്ഥശാലകള്‍ പലതും ഇന്ന് നിര്‍ജ്ജീവമാണ്.  ഉള്ളവയില്‍ തന്നെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.സര്‍ക്കാര്‍ ഗ്രാന്റു വാങ്ങിയെടുക്കുന്നതിനു വേണ്ടിയുള്ള കടലാസ്സു പണികള്‍ മാത്രമേ അവിടെ നടക്കുന്നുള്ളൂ. ഇതും നമ്മുടെ മാതൃഭാഷയോടുള്ള സ്നേഹം കുറയാന്‍ ഒരു കാരണമായി .
      വായന മാനസ്സികസംസ്കരണോപാധിയാണ്. അതുകൊണ്ടാണ് "പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോള്ളൂ. പുത്തനൊരായുധമാണ്   നിനക്കതു"  എന്ന് ബ്രെഹ്ത് പറഞ്ഞത്.യുവതലമുറ കൂടുതലും വഴിതെറ്റിപ്പോകുവാനുണ്ടായ കാരണങ്ങളിലൊന്ന് വായനയുടെ  അപര്യാപ്തതയാണ്.  ഭാവനയുടെ  ലോകത്ത്  സഞ്ചരിയ്ക്കുവാനുള്ള  അവരുടെ അവസ്സരമാണ് ഇതിലൂടെ നഷ്ടമായത്. തന്മൂലം അവരില്‍ മുതിര്‍ന്നവരോടും സഹജീവികളോടുമുള്ള   സമീപനത്തില്‍ വളരെയേറെ മൂല്യശോഷണമുണ്ടായി. ഈ സ്ഥിതി മാറ്റിയെടുക്കണമെങ്കില്‍ സ്കൂള്‍ തലത്തില്‍ നിന്ന് നാം വീണ്ടും തുടങ്ങണം.അതുപോലെ നമ്മുടെ  കരിക്കുലസമ്പ്രദായത്തില്‍  കാതലായ മാറ്റം വരുത്തണം.അതോടൊപ്പം അദ്ധ്യാപകസമൂഹത്തിന്റെ സമഗ്ര സംഭാവനയും  അത്യന്താപേക്ഷിതമാണ്. അതിനുള്ള ഒരു തയ്യാറെടുപ്പ് നടത്തേണ്ടതിന്റെ കാലം അതിക്രമിച്ചിരിയ്ക്കുകയാണ്  താനും.

Monday, September 19, 2011

തമസ്ക്കരിക്കപ്പെടുന്ന ആദര്‍ശങ്ങള്‍

തമസ്ക്കരിക്കപ്പെടുന്ന ആദര്‍ശങ്ങള്‍


 നാം വര്‍ത്തമാന കാലത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം,നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തിരിക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ,  ആദര്‍ശങ്ങള്‍ പണയം വച്ചുകൊണ്ട് തെരുക്കൂത്തുകാരന്റെ കുരങ്ങനെ പോലെ മലക്കം മറിയുന്നതാണ്. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും എന്ന നാണംകെട്ട ചെയ്തികള്‍ നമ്മുടെ ചിന്താ മണ്ഡലത്തെ യാകെ ഉഴുതു മറിക്കുന്നു. പ്രത്യയ ശാസ്ത്രപരമായ യാതൊരു യോജിപ്പും ഇല്ലാത്ത പ്രസ്ഥാനാങ്ങളില്‍  നിന്ന് വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചാനയിക്കുന്നതു യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെയാണ് ...ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ (ജീവിക്കുന്നത് ഉള്‍പ്പടെ ) അവരോടു   നമുക്കൊരു ബാധ്യതയുണ്ട് , ഏതൊരു ആദര്‍ശത്തിന് വേണ്ടിയാണോ അവര്‍ ജീവന്‍ ബലിനല്കിയത്, അത് നിറവേറ്റുക ...എന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് നേതാക്കള്‍ ഈ ബാധ്യത സൌകര്യപൂര്‍വ്വം മറക്കുകയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആദര്‍ശങ്ങള്‍ പണയം വയ്ക്കുകയോ തമസ്ക്കരിക്കുകയോ ചെയ്യുന്നു . ഇത് ഒരു വ്യക്തിത്വ ശോഷണമോ അപനിര്‍മ്മിതിയോ ആണെന്ന് തിരിച്ചറിയുക. ഇത് ബോധപൂര്‍വമായ ഒരു പ്രവര്‍ത്തനം തന്നെയാണെന്ന് . സ്വാര്‍ത്ഥമതികള്‍ നിരന്തരമായ ഇടപെടലുകള്‍ ഈ രംഗത്ത് നടത്തികൊണ്ടിരിക്കുന്നു. ഇത് തിരിച്ചറിയുക എന്നുള്ളതാണ് വര്‍ത്തമാന കാലത്തെ നമ്മുടെ ദൌത്യം ....

ബി ടി മനുഷ്യന്‍ (B T MEN )

ബി ടി മനുഷ്യന്‍ (B T MEN )

ബി ടി ബ്രിഞ്ഞാല്‍ ,ബി ടി കോട്ടന്‍,എന്നൊക്കെ നാം കേട്ടിട്ടുണ്ട്.ജനിതക മാറ്റം വരുത്തിയ ഈ വക സാധനങ്ങള്‍ നമ്മുടെ മനുഷ്യരില്‍ എന്ത് പ്രതിപ്രവര്‍ത്തനം നടതുമെന്നതിനെപ്പറ്റി പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.ഞാന്‍ ചിന്തിക്കുന്നത് എന്നാണു ഒരു ബി ടി മനുഷ്യന്‍ പിറക്കുക എന്നതാണ്.ഗര്‍ഭസ്ഥ ശിശുവില്‍ ഏതെങ്കിലും വിധത്തില്‍ ഒരു ഹിംസ്ര ജീനിനെ സന്നിവേശിപ്പിച്ചാല്‍ (ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളിലൂടെയുമാവാം) പിറക്കുന്നകുട്ടിയുടെ സ്വഭാവത്തില്‍ ഹിംസ്സാ വാസനകൂടിയിരിക്കും . കാലക്രമേണ ഇത്തരത്തിലുള്ള കുട്ടികള്‍ കൂടുകയും നാട്ടില്‍ അരാചകത്വം വളരുകയും ചെയ്യും. ഒരു പക്ഷെ നാമിത് പറയുമ്പോള്‍ തന്നെ ഏതെങ്കിലും പരീഷണശാലയില്‍ ബി ടി മനുഷ്യനെ ഉല്പാധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാവാം. ഈ കണ്ടുപിടിത്തം വേണമെങ്കില്‍ ശത്രു രാജ്യങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി പ്രയോഗിക്കപ്പെടാവുന്നതാണ്.അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന  ഭീകരത ഒനാലോചിച്ചു നോക്കൂ.... 

എന്റോസള്‍ഫാന്റെ പിന്നാമ്പുറ ചിന്തകള്‍

എന്റോസള്‍ഫാന്റെ പിന്നാമ്പുറ ചിന്തകള്‍

നാം എന്റോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട് . കീടനാശിനികളുടെ പേറ്റെണ്ട് കരസ്ഥമാക്കിയവര്‍.ഇതില്‍ ഒരു സാമ്രാജ്യത്വ ഇടപെടല്‍ ഒളിഞ്ഞിരിപ്പുണ്ട്.1954 മുതല്‍ ലോകത്താകമാനം ഈ കീടനാശിനി ഉപയോഗിച്ച് വരുന്നുണ്ട്. പക്ഷെ നമ്മുടെ കാസര്‍ഗോട്ട് മാത്രമാണ് മനുഷ്യരിലെ ജനിതക വൈകല്യം പ്രകടമായത്.നാം നിത്യേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ കീടനാശിനി വ്യാപകമായ അളവില്‍ പ്രയോഗിച്ചിട്ടുണ്ട്.എന്നാല്‍ കസ്സര്ഗോട്ടുള്ളത് പോലെയുള്ള അനുഭവം മറ്റെവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതിനര്‍ത്ഥം കാസര്ഗോട്ടുള്ളവരെ മാത്രം ഒരു പരീക്ഷണ വസ്തുവായി മനപ്പൂര്‍വം ഉപയോഗപ്പെടുത്തുകയോ അതല്ലെങ്കില്‍ അവിടെ ഈ കീടനാശിനി പ്രയോഗിച്ചപ്പോള്‍ വന്ന കയ്യ ബദ്ധമോ ആണെന്നല്ലേ.അല്ലെങ്കില്‍ 2006  ല്‍ നിരോധിക്കപ്പെട്ട ഈ കീടനാശിനിയുടെ പരിണിത ഫലം ഇപ്പോഴും എന്ത് കൊണ്ടാണ് തുടരുന്നത്. ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്‌.
ഇനി ഇതിന്റെ മറുവശം ,എന്റൊസള്‍ഫാന്‍ നിരോധിച്ചാല്‍ അതിന്റെ ഗുണം കിട്ടുന്നത് ഞാന്‍ മുന്‍പേ പറഞ്ഞ ബദല്‍ കീടനാശിനിയുടെ പേറ്റെണ്ട് കരസ്ഥമാക്കിയവര്‍ക്കാണ് ..എന്റൊസള്‍ഫാന്‍ പേറ്റെണ്ട് ഇല്ലാത്ത കീടനാശിനിയാണ്‌. അത് നിരോധിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇതിന്റെ പത്തിരട്ടി വിലയ്ക്കുള്ള ബദല്‍ കീടനാശിനി ഉപയോഗിക്കേണ്ടി വരും .അപ്പോള്‍ വിത്തിന്റെയും കീടനാശിനിയുടെയും  പേറ്റെണ്ട് സ്വന്തമാക്കിയ സാമ്രാജ്യത്വ കുത്തകകള്‍ നമ്മുടെ കാര്‍ഷിക മേഖലയാകെ കയ്യടക്കുകയും നാം ദാരിദ്ര്യത്തില്‍ നിന്നും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്യും.ഇത് മനസ്സിലാക്കിയത് കൊണ്ടാണ് ചൈനയടക്കമുള്ള കമ്യൂണിസ്റ്റു രാജ്യങ്ങള്‍ എന്റൊസള്‍ഫാന്‍ നിരോധനത്തിനെതിരെ നിലക്കൊണ്ടത്.എന്നാല്‍ ഇന്ത്യയുടെ സ്ഥിതിയതല്ല ഇവിടുത്തെ കീടനാശിനിയുല്പാദക ലോബിക്ക് വേണ്ടി നിലക്കൊണ്ടാതിനാലാണ് നിരോധനത്തെയെതിര്ത്തത്.എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തെ നിരോധനതിനനുകൂലമായ തീരുമാനമെടുപ്പിക്കേണ്ടത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്‌.അതിനു വീണുകിട്ടിയ ഒരവസരമാണ് എന്റൊസള്‍ഫാന്‍ വിരുദ്ധ സമരം.അതവര്‍ ഉപാധികളോടെയാണെങ്കിലും സാധിച്ചെടുത്തു. ഇപ്പോഴും രസകരമായ ഒരു വസ്തുത ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റൊസള്‍ഫാന്‍ നിരോധിക്കണമെന്ന് ഔദ്യോഗികമായി പറയുകയോ  പ്രമേയം  പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്നതാണ്. ഫലത്തില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും എന്റൊസള്‍ഫാന്‍ നിരോധനതിനെതിരാണ്.......ഒരുതരത്തില്‍  അത് നമുക്ക് ഗുണം ചെയ്യും, തീര്‍ച്ച.

പരിണാമം

പരിണാമം

നാം പലപ്പോഴും മറവി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നു.കുട്ടിക്കാലത്ത് നമ്മോടൊപ്പം പഠിച്ച കൂട്ടുകാരന്‍ അല്പം മുഷിഞ്ഞ വേഷത്തില്‍ വരുന്നത് കണ്ടാല്‍ വേഗം മൊബൈലെടുത്ത് ചെവിയില്‍ വച്ച് വെറുതെ മൂളി മൂളി നില്‍ക്കുകയും ഒളികണ്ണിട്ടു അയാള്‍ പോയോന്നു നോക്കുകയും ചെയ്യും. കഷ്ടകാലത്തിനു ആ സുഹൃത്ത്‌  നമ്മളുടെ അടുത്തേക്ക് വന്നാല്‍ അപരിചിത ഭാവത്തില്‍ നോക്കുയും ഹോ .. എന്റെ ഒരു മറവി..എന്ന് പറഞ്ഞു ങാ ...എന്ന് മൂളി ഒഴിവാക്കും. മറിച്ച് വരുന്നത് നമ്മെക്കാള്‍ ഒരുപടി ഉയര്‍ന്നതോ സമമോ ആയ ജീവിതനിലവാരത്തില്‍ ഉള്ളയാളാണെങ്കില്‍ ഹസ്തദാനം നല്‍കി സ്വീകരിക്കുന്നു.അല്‍പ്പം പോങ്ങച്ചതോടെ അടുത്ത് ബുക്ക് ചെയ്ത കാറിന്റെയും ഭാര്യക്ക് വാങ്ങിക്കൊടുത്ത വൈരനെക്ലസ്സിന്റെയും കഥ പറഞ്ഞു തുടങ്ങും. തൊട്ടയലത്ത് താമസിക്കുന്ന ആളെപ്പോലും അറിയാത്ത നാമങ്ങനെ  പൊതുസമൂഹത്തിന്റെ പ്രതിനിധിയാവുകയും നാടില്‍നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ പറ്റി പ്രബന്ധം അവതരിപ്പിച്ചു സമ്മേളനഹാളിന്റെ ശീതളതയില്‍ അമര്‍ന്നിരിക്കുകയും ചെയ്യുന്നു. ഈ അര്‍ദ്ധരാത്രിക്കുടപിടിക്കല്‍ എന്ന് നാമാരംഭിച്ചോ അന്നുമുതല്‍ നാം മനുഷ്യത്വത്തില്‍ നിന്നും മൃഗത്വതിലേക്കുള്ള മടക്കയാത്ര  ആരംഭിച്ചു. അതുകൊണ്ട് നമുക്ക് പകല്‍വീടുകളിലും വൃദ്ധമന്ദിരങ്ങളിലും ആളെക്കൂട്ടാനായി. നമ്മുടെ പുതിയ തലമുറ ലഹരിമരുന്നുകളില്‍ ചേക്കേറുകയും സഹജീവികളും  എതിര്‍ലിംഗക്കാരും കേവലം ഉപയോഗവസ്തുക്കളായി പരിണമിക്കുകയും കുടുംബബന്ധങ്ങള്‍ കാഴ്ചബംഗ്ലാവിലെ പ്രദര്‍ശന വസ്തുവായി പരിണമിക്കുകയും ചെയ്തു.

ഓര്‍മ

ഓര്‍മ

1982 ഇല്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കൊല്ലം താലൂക്ക് സമ്മേളനം കുണ്ടറയില്‍ നടക്കുന്നു. എരുമേലി പരമേശ്വരന്‍ പിള്ള ,  ഏ പി കളയ്ക്കാടു,മേപ്പന്കോട് വിദ്യാധരന്‍ തുടങ്ങി   പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നടന്ന കവിയരങ്ങില്‍ മുടി നീട്ടി വളര്‍ത്തിയ മെലിഞ്ഞ ചെറുപ്പക്കാരന്‍ നാടന്‍പാട്ടിന്റെ ഈണത്തില്‍ ചൊല്ലിയ കവിത സദസ്സോന്നടങ്കം ഹര്‍ഷാരവതോടെയാണ് സ്വീകരിച്ചത്.പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമത്തില്‍ നിന്ന് കുണ്ടറ സിറാമിക്സില്‍ ജോലിക്കെത്തിയ വി പി കുഞ്ഞുണ്ണിയെന്ന ചെറുപ്പക്കാരനായിരുന്നു അത്.അന്നുതൊട്ട് 1990  വരെ അയാള്‍ എന്റെ സുഹൃത്തായിരുന്നു. നന്നായി ചിത്രവും ശില്പവും രചിക്കുന്ന കുഞ്ഞുണ്ണിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. കുഴിഞ്ഞു താണ കണ്ണുകളുടെ തിളക്കം കവിതയെ കുറിച്ച് പറയുമ്പോള്‍ ഭ്രാന്തമായ ഒരു ആവേശം അവന്റെ മുഖത്ത് നിഴലിക്കും. പലപ്പോഴും ഞങ്ങള്‍ തര്‍ക്കിച്ചു വഴക്കിന്റെ വക്കോളം എത്തുമായിരുന്നു.തീവ്ര ഇടതു പക്ഷ സ്നേഹിയാരുന്ന അവന്‍ ഒരു കര്‍ഷകതൊഴിലാളി കുടുംബത്തില്‍ ജനിച്ചതുകൊണ്ടു തന്നെ മുന്നോക്ക സമുദായക്കാരുടെ അവഹേളനത്തിനു നിരവധി തവണ ഇരയായിട്ടുണ്ട്.

അനേകം കവിയരങ്ങുകളില്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.അവന്റെ എല്ലാ കവിതകളിലുംനിറഞ്ഞുനിന്ന ജീവിതാനുഭവങ്ങളും കാവ്യഭംഗിയും  ഏതൊരാസ്വാദകനെയും ഹടാതാകര്ഷിക്കും. എന്നാല്‍ അവന്റെ വിവാഹശേഷം ഉണ്ടായ കുടുംബപ്രശ്നങ്ങളില്‍പ്പെട്ടു  മാനസ്സിക നില തകര്‍ന്ന അവന്‍ ജോലി രാജിവച്ചു കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചു പോയി.പിന്നീടിന്നോളം അവനെക്കുറിച്ച് യാതൊരു അറിവുമില്ല ധാരാളം കത്തുകളയച്ചു ..മറുപടിയൊന്നുമില്ല..ഒരു നല്ല കവി സുഹൃത്തിനെ നഷ്ടമായ വേദന ഇപ്പോഴും നെഞ്ചകതെവിടെയോ പുകഞ്ഞുകൊണ്ടിരിക്കുന്നു.പെരിങ്ങോട് ഹൈസ്കൂളിനടുത്തുള്ള വാരിയത്ത്പാടിയാണ് വീട് .വി പി കുഞ്ഞുണ്ണിയെപ്പറ്റി ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ അറിയിക്കുമെന്നാണിപ്പോഴുംപ്രതീഷ..............n

Wednesday, September 7, 2011

ഓണവേളയിലെ ചതിക്കെണികള്‍

ഓണവേളയിലെ  ചതിക്കെണികള്‍

    പണ്ടൊക്കെ ഓണം വന്നാല്‍ മനസ്സിന് എന്ത് സന്തോഷമായിരുന്നെന്നോ. പുത്തനുടുപ്പുകിട്ടും പപ്പടവും പായസ്സവും കൂട്ടി വയറു നിറയെ ചോറുകിട്ടും. ഊണുകഴിഞ്ഞാല്‍  ഊഞ്ഞാലാട്ടവും തലപ്പന്ത് കളിയും സന്ധ്യവരെയ്ക്കും. സന്ധ്യകഴിഞ്ഞാല്‍ തുമ്പി തുള്ളല്‍.അതൊരു അനുഷ്ടാനം തന്നെയാണേ.... പ്രായമായവര്‍ക്ക്   ചീട്ടുകളി അതും നല്ല കവിളമ്മടലിന്റെ കുണുക്ക് വച്ച് ഗുലാന്‍ പെരിശു.എല്ലാം കൂടിയോര്‍ക്കുമ്പം വല്ലാത്തൊരു ഗൃഹാതുരത്വം.....
    
       ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ അന്യമാണല്ലോ.....അവര്‍ രാവിലെ മുതല്‍ തുടങ്ങും ലഹരിയടിയ്ക്കല്‍.ഇപ്പോള്‍ ഓണമെന്നാല്‍ ബീവറേജസിന്   മുന്നില്‍ നീളുന്ന നിര തന്നെ,ഓണത്തിനു കിട്ടുന്ന നാല് ചക്രം അവിടെ കൊണ്ട് കൊടുത്തില്ലെങ്കില്‍  പിന്നെയെന്തോണം....മാത്രമോ ഓണം കഴിയുമ്പോള്‍ സാധാരണക്കാരന്‍ തെണ്ടാന്‍ തുടങ്ങും.സര്‍വ്വ കച്ചവടക്കാരനും ഒന്ന് പച്ചപിടിയ്ക്കും.  ഇതിലൊരു ചതിയൊളിഞ്ഞിരുപ്പുണ്ട് .ഓണച്ചന്തകളില്‍ നിന്ന് കിട്ടുന്ന സാധനങ്ങള്‍ ഗുണനിലവാരമില്ലാത്തതാണ്. ഏറ്റവും മോശമായ സാധനം ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കുന്നു.പോരാത്തതിന് അളവിലും തൂക്കത്തിലും വെട്ടിപ്പും.ഇതൊക്കെ പരിശോധിക്കേണ്ടുന്ന ഉദ്ദ്യോഗസ്ഥര്‍ കണ്ണടച്ചിരിപ്പാണ്. ഉപഭോക്താക്കളെ ദ്രോഹിയ്ക്കുന്നവര്‍ക്കെതിരെ യാതൊരു നടപടിയും  സ്വീകരിയ്ക്കാത്ത ഉദ്ദ്യോഗസ്ഥര്‍ ഈ കരിഞ്ചന്തയ്ക്കു കൂട്ടുനില്‍ക്കുന്നു.ആകെക്കൂടി നോക്കുമ്പോള്‍ ഓണമെന്നത് ഉപഭോക്താക്കളെ ദ്രോഹിയ്ക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്. 

Monday, September 5, 2011

ഓണം ഓര്‍മ്മപ്പെടുത്തുന്ന ചിന്തകള്‍

ഓണം ഓര്‍മ്മപ്പെടുത്തുന്ന ചിന്തകള്‍  

 ഋഗ്വേദത്തിലും ബ്രാഹ്മണങ്ങളിലും കാണുന്ന വാമനപരാമർശങ്ങലിലെങ്ങും ബലി എന്ന അസുരരാജാവിനെക്കുറിച്ച് ഉല്ലേഖമില്ല.ഇവയിൽ വാമനന്റെ എതിരാളിയായ അസുരന്മാർക്ക് ഒരു നേതാവോ രാജാവോ ഉണ്ടായിരുന്നതായും പ്രസ്താവിക്കുന്നില്ല. എന്നാൽ വളരെക്കാലശേഷം രചിക്കപ്പെട്ട മഹാഭാരതത്തിൽ മാത്രമാണ്‌ ബലി എന്ന അസുരരാജാവ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബലി ചാതുർവർണ്ണ്യവ്യവസ്ഥക്ക് എതിരായിരുന്നു എന്ന് മഹാഭാരതത്തിൽ സൂചനയുണ്ട്.  
 ചാതുര്‍വര്‍ണ്ണ്യത്തിനു എതിരായിനിന്ന ഒരു രാജാവിനെതിരെ പടയൊരുക്കിയ പുരോഹിത വര്‍ഗ്ഗത്തിന്റെ കാടത്തത്തിന് എതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ  ഒരു സാക്ഷ്യമാണ് ഓണം .നല്ലഭരണത്തിനെ  താമസ്ക്കരിച്ച പുരോഹിതവര്‍ഗ്ഗം വാമനനെ വാനോളം പുകഴ്ത്തുന്നതിന്റെ ഔചിത്യം  എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.നന്മയ്ക്ക് മേല്‍ തിന്മ നേടിയ വിജയമാണ് ഓണം. അപ്പോള്‍പിന്നെ മഹാബലിയെ ദാനത്തിന്റെ പേര്  പറഞ്ഞു  സത്യത്തെ മൂടി വയ്ക്കുകയല്ലേ ചെയ്യുന്നത്.ഇതില്‍ നിന്ന് തന്നെ വെളിപ്പെടുന്ന ചതി ഒരലങ്കാരമായി കൊണ്ട് നടക്കുന്ന വാമനവര്‍ഗ്ഗമല്ലേ   യഥാര്‍ത്ഥത്തില്‍അസുരന്മാര്‍?...

Saturday, September 3, 2011

നാടന്‍പാട്ടിന്റെ ചരിത്രപശ്ചാത്തലം

നാടന്‍പാട്ടിന്റെ ചരിത്രപശ്ചാത്തലം

നാടന്‍പാട്ടുകള്‍ വായ്മൊഴിയില്‍ എഴുതപ്പെട്ട കാവ്യങ്ങളാണ്.അവയില്‍ തുടിച്ച്  നില്‍ക്കുന്ന ജീവന്റെ കണങ്ങള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. പണ്ട്  കീഴാളര്‍ക്കു പ്രതിക്ഷേധിക്കുവാനും പായാരം ചൊല്ലാനും കഴിയാതിരുന്നകാലത്ത്  തന്റെ സങ്കടങ്ങളും ദേഷ്യവുമെല്ലാം നാടന്‍പാട്ടുകളിലൂടെ  പാടി   പൊലിപ്പിയ്ക്കുകയല്ലാതെ   മറ്റു പോംവഴികളൊന്നുമില്ലായിരുന്നു. അതിനാല്‍ തന്നെ  അവയില്‍ ജീവിതത്തിന്റെ ചടുലവും വൈകാരികവുമായ താളക്രമങ്ങള്‍ ഇഴചേര്‍ന്നിരിയ്ക്കുന്നു. സമൂഹത്തില്‍ നിന്നും കീഴാളര്‍ക്കു ഏല്‍ക്കേണ്ടി വരുന്ന അവഗണനകളുടെയും യാതനകളുടെയും രേഖാചിത്രങ്ങള്‍  നാടന്‍പാട്ടിന്റെ ഇതിവൃത്തമായി രൂപാന്തരപ്പെടുകയും അത് ഏതു ശിലാഹൃദയത്തെയും അലിയിപ്പിയ്ക്കുന്ന ശീലുകളായി നമ്മുടെ ബോധമണ്ഡലത്തെ മുറിപ്പെടുത്തുകയും ചെയ്യുന്നു. മണ്ണില്‍ പണിയെടുക്കുന്നവന്റെ അദ്ധ്വാനഭാരത്തെ ഈ ശീലുകള്‍  ലഘൂകരിക്കുമെന്നു ആലങ്കാരികമായി  പറയപ്പെടുന്നുണ്ടെങ്കിലും  യഥാര്‍ത്ഥത്തില്‍  തന്റെ വേദനകളെ മാലോകര്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുവാനുള്ള  ഒരു മാദ്ധ്യമം എന്ന നിലയ്ക്കാണ് ഇത് വായിയ്ക്കപ്പെടേണ്ടത്‌ . ഇന്ന് അത് പലപ്പോഴും കേവലം വിനോദമായി   മാത്രമാണ് നാടന്‍പാട്ടുകളെ ആസ്വദിയ്ക്കപ്പെടുന്നത്.നാടന്‍പാട്ടുകള്‍ കേവലവിനോദത്തിനുമപ്പുറം ചരിത്രപരമായ ദൌത്യവാഹിനി കൂടിയാണെന്നും നാം തിരിച്ചറിയണം .      

Friday, September 2, 2011

പ്രളയപയോധിയില്‍...

പ്രളയപയോധിയില്‍...

മൌനം ഒരായുധമാക്കിയാല്‍ അവര്‍ എന്നെ ബുദ്ധനെന്നു വിളിയ്ക്കും....പിന്നെയും മൌനമായിരുന്നാല്‍ അവരെന്നെ ആരാധനാശിലയാക്കും... അപ്പോള്‍ മൌനമുപേക്ഷിച്ചാല്‍ ആള്ദൈവമാകും ...പാദസേവകരുടെ പ്രളയത്തില്‍ പെട്ട് നട്ടം തിരിയാതിരിയ്ക്കാന്‍ ചില പൊടിക്കൈകളും തട്ടിപ്പുകളും ഇപ്പോഴേ സ്വായത്തമാക്കിയാല്‍ പിന്നെ ഒരു തോണിയുണ്ടാക്കി പ്രളയപ്പരപ്പില്‍ ഒഴുകി നടക്കാം.....

Sunday, August 14, 2011

കിട്ടാക്കനികള്‍

കിട്ടാക്കനികള്‍ 

         വാക്കുകള്‍ നമ്മുടെ നേരെ തിരിയുന്ന കാലമാണ്. വര്‍ത്തമാനകാലത്തില്‍ നമ്മള്‍ പറയുന്ന ഓരോ വാക്കുകളും ബൂമറാങ്ങ് പോലെ ആക്രമിക്കാന്‍  തിരിച്ചെത്തുമെന്ന് പറയുമ്പോള്‍ അല്പം അതിശയോക്തി ഇല്ലാതെയില്ല. നട്ടുനനച്ചു വളര്‍ത്തിയ ചെടി പക്വമാവുമ്പോള്‍ വിളവെടുക്കാനെത്തുന്നത് വിതച്ചയാള്‍ ആകുമ്പോള്‍ അതിലെ ഔചിത്യമില്ലായ്മ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേഇന്ന് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് സൌമാനസ്സ്യത്തോടെ കേള്‍ക്കുവാനോ കേട്ടതിനു മറുപടി പറയുന്നതിനോ തയ്യാറാകാത്ത ഒരു തലമുറ വളര്‍ന്നു വരുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌? പണ്ട് മിക്കവാറും എല്ലാ വീട്ടിലും ഒരു മുത്തശ്ശിയുണ്ടാവും. വീട്ടിലെ കുട്ടികള്‍ എല്ലായിപ്പോഴും അവരുടെ പിന്നാലെയുണ്ടാകും. ഉദയം മുതല്‍ ഉറക്കം വരെ പഴംപാട്ടുകളും കഥകളും കേട്ട്അവരുടെ ജീവിതാനുഭവങ്ങളുടെ പൊട്ടും പൊടിയും നുണഞ്ഞു നുണഞ്ഞങ്ങനെ കുട്ടികള്‍ക്ക് കിട്ടുന്ന ശ്രദ്ധയും സ്നേഹവും ഇന്നില്ല. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണ്കുടുംബങ്ങളിലേയ്ക്കുള്ള മാറ്റത്തില്‍ നമുക്ക് നഷ്ടമായതും അതാണ്‌.ഇവടെ വളരെ പ്രസക്തമായൊരുകാര്യം ഇങ്ങനെയൊരുമാറ്റം വന്നപ്പോള്‍  ജീവിത പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയാതെ ഇന്നത്തെ തലമുറ ലഹരിയിലോ ആത്മഹത്യയിലോ അഭയം കണ്ടെത്തുകയും മനുഷ്യത്വമെന്നത് ഒരു ഗവേഷണ വിഷയമായി സര്‍വ്വകലാശാലകളുടെ ഗ്രന്ഥപ്പുരകളില്‍ അടുക്കി വയ്ക്കപ്പെട്ട പ്രബന്ധമായി ത്തീരുകയും ചെയ്തു.
          സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ അയലത്തെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് വീക്ഷിച്ചു അതിനേക്കാള്‍ കൂടുതല്‍   ആഡംബരത്തിനു   വേണ്ടി ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും അത് നടക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നും പ്രശ്നങ്ങള്‍ ഉടലെടുക്കുകയും കാലക്രമേണ  ഇങ്ങനെയുണ്ടാകുന്ന  പ്രശ്നങ്ങള്‍ വളര്‍ന്നു പന്തലിക്കുകയും ഒടുവില്‍ കുട്ടികളെ അനാഥത്വത്തിലേയ്ക്ക് വലിച്ചെറിഞ്ഞു ഭാര്യാഭര്‍ത്താക്കന്മാര്‍ ‍ഇരുവഴി  പിരിയുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ വളരുന്ന കുട്ടികള്‍ കൂടുതല്‍ അന്ത:സംഘര്‍ഷങ്ങളില്‍ പെടുകയും അത്  അവരുടെയുള്ളില്‍  സമൂഹത്തോടുള്ള  വെറുപ്പും വിദ്ദ്വേഷവും വളര്‍ത്തുകയും തന്മൂലം സമൂഹത്തിനും രാജ്യത്തിന്‌ തന്നെയും തലവേദനയുണ്ടാക്കത്തക്ക  തരത്തിലുള്ള സാമൂഹ്യവിരുദ്ധരോ തീവ്രവാദികളോ ആയി പരിണമിക്കുന്നു.ഇത്തരത്തില്‍ പരിണാമ വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം വര്‍ത്തമാന കാലത്ത് നടക്കുന്ന സംഭവങ്ങള്‍  വിലയിരുത്താന്‍.മാതാപിതാക്കള്‍ പെണ്മക്കളെ അന്യര്‍ക്ക് കാഴ്ചവെയ്ക്കുന്നു,അച്ഛന്‍ മകളെ വിറ്റു ജീവിക്കുന്നു,പോരെങ്കില്‍ അച്ഛന്‍ മകളില്‍  കാമപൂര്‍ത്തി കണ്ടെത്തുന്നു. ഇതൊക്കെ രോഗാതുരമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ദൃഷ്ടാന്തങ്ങളാണ്.
  ഈ രോഗത്തിനുള്ള ചികിത്സ എവിടെ നിന്നാണ് നാം ആരംഭിക്കേണ്ടത്? വിദ്യാലങ്ങളില്‍ ചെറിയ ക്ലാസ്സുകളില്‍ പടിക്കന്ന കുട്ടികള്‍ പോലും ലഹരി വസ്തുക്കളുടെ ഉപയോക്താക്കളാണ്.അപ്പോള്‍ നാം നമ്മുടെ വീടുകളില്‍ നിന്നും ഇതിനുള്ള ചികിത്സ തുടങ്ങണം.അല്ലായെങ്കില്‍ മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തിരിച്ചറിയാനാകാത്ത യുവതലമുറ അമ്മയെന്നോ സഹോദരിയെന്നോ നോക്കാതെ എതിര്‍ ലിംഗമെന്നനിലയില്‍ ലൈംഗികചോദനകള്‍ തീര്‍ക്കാനുള്ള ഉപകരണമായി സ്വന്തം വീട്ടിലുള്ളവരെത്തന്നെ ഉപയോഗിക്കപ്പെടും. ഈ ഉപഭോഗസംസ്ക്കാര കാലഘട്ടത്തില്‍ എല്ലാറ്റിനെയും   ചരക്കുവല്‍ക്കരിക്കുകയും പണമെന്ന മാനദന്ധത്താല്‍ അളക്കപ്പെടുകയും അവിടെ അന്യന്റെ വാക്കുകള്‍ ആത്മസംഗീതം പോലെ ആസ്വദിക്കപ്പെടുകയെന്നത് ഒരു കിട്ടാക്കനിയായിത്തീരുകയും ചെയ്യുന്നു.     

ഭീമസേനന്‍ വര്‍ത്തമാനം പറയുന്നു

ഭീമസേനന്‍ വര്‍ത്തമാനം പറയുന്നു

ഭീമസേനന്‍ വര്‍ത്തമാനത്തിലും നമ്മുടെയിടയില്‍  ജീവിക്കുന്നു....ഹെ...എന്താ മാഷേ....ഇങ്ങനൊക്കെപ്പറഞ്ഞാല്‍....???  ചോദ്യം സ്വാഭാവികം. നോക്കൂ.. വ്യാസ്സന്റെ  മഹാഭാരതത്തിലെ  ഏറ്റവും മഹത്തായ കഥാപാത്രമാണല്ലോ ഭീമന്‍. ഈ രണ്ടാമൂഴക്കാരന്‍ കായബലമുള്ളവനാണെങ്കിലും പാഞ്ചാലിയുടെ മുന്നില്‍  കേവലം ഭീരുവായാണോ വ്യാസ്സന്‍ പാത്രവല്‍ക്കരിച്ചത്? സംശയം തോന്നുക ന്യായമാണ്. ചൂതില്‍ പണയവസ്തുവായി നില്‍ക്കുമ്പോള്‍  വീരശൂരപരാക്രമങ്ങള്‍കാണിക്കുന്നുണ്ടെങ്കിലും പിന്നീട് വനവാസ്സക്കാലത്തും  അജ്ഞാതവാസ്സക്കാലത്തും അത്രയേറെ ഓജസ്സുള്ളതായിക്കാണുന്നില്ല . മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിലൂടെ അദ്ദേഹമെന്താണ് നമ്മോടു പറയുന്നത്? ഇതില്‍ ഒരു സ്വത്വബോധത്തിന്റെ   സൂചന  മറഞ്ഞിരിക്കുന്നില്ലേ ഉണ്ട് എന്നാണു എന്റെ പക്ഷം.
            മഹാഭാരതത്തിലെ കല്യാണസൌഗന്ധികത്തിന്റെ കഥാഭാഗം പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. വനവാസ്സക്കാലത്തു കുബേരന്റെ ഉദ്യാനത്തിലുള്ള സൌഗന്ധികപ്പൂവിനെക്കുറിച്ചറിയുന്ന ദ്രൌപതി,അക്കാര്യം  തന്റെ രണ്ടാമത്തെ ഭര്‍ത്താവായ ഭീമസേനനോട് കൊഞ്ചിപ്പറയുന്നു;തനിക്കു  പൂ ചൂടാന്‍ അതിയായ മോഹമുണ്ടെന്നും അതു എങ്ങനെയും സംഘടിപ്പിച്ചു തരണമെന്നും. ഇതുകേട്ട ഭീമസേനന്‍ ആദ്യം അത് ദുഷ്ക്കരമാണെന്നും അവിടേക്ക്  പോകുവാനും  പോയാല്‍ത്തന്നെ കുബേരന്റെ ഉദ്യാനത്തില്‍ കയറാന്‍ കഴിയില്ലെന്നും പറയുന്നു. ഇത് കേട്ട പാഞ്ചാലി ഭീമസേനനെ കണക്കറ്റു കളിയാക്കുകയും  പൌരുഷമില്ലാത്തവനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് തന്റെ പൌരുഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് പാഞ്ചാലിയെ ധരിപ്പിക്കുവാന്‍ വേണ്ടി സൌഗന്ധികത്തിനായി ഭീമന്‍ ഇറങ്ങിത്തിരിക്കുന്നത്‌. 
         ഇവിടെയാണ്‌ പാത്രസൃഷ്ടിയില്‍ വ്യാസ്സന്റെ ധൈഷണികത വെളിവാകുന്നത്. ഭാര്യയുടെ  താളത്തിനൊത്ത് തുള്ളുന്ന ഒരു പെണ്‍കോന്തനെയാണ് നാമിവിടെ കാണുന്നത്.  ഭാര്യയുടെ അഭീഷ്ടം സാധിച്ചു കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്നും എങ്ങിനെയും അത് സാധിച്ചു  കൊടുത്തെങ്കില്‍ മാത്രമേ തനിക്ക് നിലനില്‍പ്പുള്ളെന്നും  മനസ്സിലാക്കിയ ഭീമന്‍ ഒരു കടുത്ത വെല്ലുവിളിയായി ഇതേറ്റെടുക്കുന്നു.പോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഈയൊരു സ്വത്വബോധത്തിന്റെ പൊരുള്‍ നാം തിരിച്ചറിയുന്നു.ഇത് വ്യാസന്റെ ജീവിത കാലഘട്ടത്തിന്റെ കൂടി പ്രതിഫലനമാകാം.യഥാര്‍ത്ഥത്തില്‍ ഇവിടെ ഭീമാസേനന്റെയുള്ളില്‍ ദ്വിമാനസ്വഭാവമുള്ള സ്വത്വബോധങ്ങള്‍ തമ്മില്‍ ഒരു സംഘട്ടനമാണ് നടക്കുന്നത്. അതിലാകട്ടെ വിജയം വരിക്കുന്നത് മുകളില്‍ പറഞ്ഞ പൌരുഷമെന്ന സ്വത്വബോധമാണ് താനും. 
          ഇതൊന്നു വര്‍ത്തമാനത്തിലേയ്ക്ക്  പറിച്ചുനട്ടാല്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത് തന്നെയല്ലേ നടക്കുന്നത്. പുതിയ ഫാഷനിലുള്ള ഒരു ആഭരണം കാണുമ്പോള്‍അല്ലെങ്കില്‍ അയലത്തെ വീട്ടിലെ പുതിയ കാര്‍ കാണുമ്പോള്‍ മുതല്‍ ഭാര്യ ഭര്‍ത്താവിനെ ശല്യപ്പെടുത്താന്‍ തുടങ്ങും.ആദ്യം ചെറിയ തരത്തിലുള്ള സൌന്ദര്യപ്പിണക്കങ്ങളാകുമുണ്ടാവുകപിന്നെപ്പിനെ അത് വളര്‍ന്നു വലുതാകുന്നു. തീരെ സഹികെടുമ്പോള്‍ ജീവിതത്തിന്റെ  രണ്ടറ്റവും  കൂട്ടിമുട്ടിക്കാന്‍ തന്നെ പെടാപ്പാടുപെടുന്ന ഭര്‍ത്താവ് കിടപ്പാടം പണയപ്പെടുത്തി ഭാര്യ പറയുന്ന കാര്യം സാധിച്ചുകൊടുക്കുകയും ഒടുവില്‍  കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ കിടപ്പാടം പലിശക്കാരന്‍ കൊണ്ടുപോകുന്ന സ്ഥിതി  സംജാതമാകുകയും  ചെയ്യുന്നു. ഇവിടെയും  നടക്കുന്നത് സ്വത്വബോധത്തിന്റെ സംഘട്ടനം തന്നെയാണ്.ഭാര്യ പറയുന്നത് എന്തുതന്നെയായാലും നിറവേറ്റിക്കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്ന മിഥ്യാ ബോധം പുരുഷനെ അടക്കി ഭരിക്കുന്നു. അതില്‍നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് കുടുംബത്തിന്റെ തകര്‍ച്ചയിലേയ്ക്ക് വഴിവയ്ക്കുകയും അതവസ്സാനം കൂട്ടആത്മഹത്യയിലേയ്ക്ക് നയിയ്ക്കുകയും ചെയ്യുന്നു.
        ഇങ്ങനെ ചരിത്രാതീത കാലം മുതല്‍ ഇന്നോളമുള്ള എല്ലാ കൃതികളുടെയും ജീവിതത്തിന്റെയും സാമൂഹികവും സാംസ്ക്കാരികവുമായ പശ്ചാത്തലമെടുത്തു പരിശോധിച്ചാല്‍ എല്ലാകാലഘട്ടത്തിലും ഭീമസേനന്മാര്‍ അവതാരമെടുക്കുന്നത് കാണാന്‍ കഴിയും.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്ന പരിശോധനയുടെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആ പരിശോധന ചെന്നെത്തിനില്‍ക്കുന്നത് മനുഷ്യന്റെ അമിതമായ ആഡംബരത്തിന്റെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും മുന്നിലാണ് താനും.