Sunday, August 14, 2011

കിട്ടാക്കനികള്‍

കിട്ടാക്കനികള്‍ 

         വാക്കുകള്‍ നമ്മുടെ നേരെ തിരിയുന്ന കാലമാണ്. വര്‍ത്തമാനകാലത്തില്‍ നമ്മള്‍ പറയുന്ന ഓരോ വാക്കുകളും ബൂമറാങ്ങ് പോലെ ആക്രമിക്കാന്‍  തിരിച്ചെത്തുമെന്ന് പറയുമ്പോള്‍ അല്പം അതിശയോക്തി ഇല്ലാതെയില്ല. നട്ടുനനച്ചു വളര്‍ത്തിയ ചെടി പക്വമാവുമ്പോള്‍ വിളവെടുക്കാനെത്തുന്നത് വിതച്ചയാള്‍ ആകുമ്പോള്‍ അതിലെ ഔചിത്യമില്ലായ്മ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേഇന്ന് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് സൌമാനസ്സ്യത്തോടെ കേള്‍ക്കുവാനോ കേട്ടതിനു മറുപടി പറയുന്നതിനോ തയ്യാറാകാത്ത ഒരു തലമുറ വളര്‍ന്നു വരുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌? പണ്ട് മിക്കവാറും എല്ലാ വീട്ടിലും ഒരു മുത്തശ്ശിയുണ്ടാവും. വീട്ടിലെ കുട്ടികള്‍ എല്ലായിപ്പോഴും അവരുടെ പിന്നാലെയുണ്ടാകും. ഉദയം മുതല്‍ ഉറക്കം വരെ പഴംപാട്ടുകളും കഥകളും കേട്ട്അവരുടെ ജീവിതാനുഭവങ്ങളുടെ പൊട്ടും പൊടിയും നുണഞ്ഞു നുണഞ്ഞങ്ങനെ കുട്ടികള്‍ക്ക് കിട്ടുന്ന ശ്രദ്ധയും സ്നേഹവും ഇന്നില്ല. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണ്കുടുംബങ്ങളിലേയ്ക്കുള്ള മാറ്റത്തില്‍ നമുക്ക് നഷ്ടമായതും അതാണ്‌.ഇവടെ വളരെ പ്രസക്തമായൊരുകാര്യം ഇങ്ങനെയൊരുമാറ്റം വന്നപ്പോള്‍  ജീവിത പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയാതെ ഇന്നത്തെ തലമുറ ലഹരിയിലോ ആത്മഹത്യയിലോ അഭയം കണ്ടെത്തുകയും മനുഷ്യത്വമെന്നത് ഒരു ഗവേഷണ വിഷയമായി സര്‍വ്വകലാശാലകളുടെ ഗ്രന്ഥപ്പുരകളില്‍ അടുക്കി വയ്ക്കപ്പെട്ട പ്രബന്ധമായി ത്തീരുകയും ചെയ്തു.
          സ്വന്തം വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ അയലത്തെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് വീക്ഷിച്ചു അതിനേക്കാള്‍ കൂടുതല്‍   ആഡംബരത്തിനു   വേണ്ടി ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും അത് നടക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നും പ്രശ്നങ്ങള്‍ ഉടലെടുക്കുകയും കാലക്രമേണ  ഇങ്ങനെയുണ്ടാകുന്ന  പ്രശ്നങ്ങള്‍ വളര്‍ന്നു പന്തലിക്കുകയും ഒടുവില്‍ കുട്ടികളെ അനാഥത്വത്തിലേയ്ക്ക് വലിച്ചെറിഞ്ഞു ഭാര്യാഭര്‍ത്താക്കന്മാര്‍ ‍ഇരുവഴി  പിരിയുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ വളരുന്ന കുട്ടികള്‍ കൂടുതല്‍ അന്ത:സംഘര്‍ഷങ്ങളില്‍ പെടുകയും അത്  അവരുടെയുള്ളില്‍  സമൂഹത്തോടുള്ള  വെറുപ്പും വിദ്ദ്വേഷവും വളര്‍ത്തുകയും തന്മൂലം സമൂഹത്തിനും രാജ്യത്തിന്‌ തന്നെയും തലവേദനയുണ്ടാക്കത്തക്ക  തരത്തിലുള്ള സാമൂഹ്യവിരുദ്ധരോ തീവ്രവാദികളോ ആയി പരിണമിക്കുന്നു.ഇത്തരത്തില്‍ പരിണാമ വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം വര്‍ത്തമാന കാലത്ത് നടക്കുന്ന സംഭവങ്ങള്‍  വിലയിരുത്താന്‍.മാതാപിതാക്കള്‍ പെണ്മക്കളെ അന്യര്‍ക്ക് കാഴ്ചവെയ്ക്കുന്നു,അച്ഛന്‍ മകളെ വിറ്റു ജീവിക്കുന്നു,പോരെങ്കില്‍ അച്ഛന്‍ മകളില്‍  കാമപൂര്‍ത്തി കണ്ടെത്തുന്നു. ഇതൊക്കെ രോഗാതുരമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ദൃഷ്ടാന്തങ്ങളാണ്.
  ഈ രോഗത്തിനുള്ള ചികിത്സ എവിടെ നിന്നാണ് നാം ആരംഭിക്കേണ്ടത്? വിദ്യാലങ്ങളില്‍ ചെറിയ ക്ലാസ്സുകളില്‍ പടിക്കന്ന കുട്ടികള്‍ പോലും ലഹരി വസ്തുക്കളുടെ ഉപയോക്താക്കളാണ്.അപ്പോള്‍ നാം നമ്മുടെ വീടുകളില്‍ നിന്നും ഇതിനുള്ള ചികിത്സ തുടങ്ങണം.അല്ലായെങ്കില്‍ മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തിരിച്ചറിയാനാകാത്ത യുവതലമുറ അമ്മയെന്നോ സഹോദരിയെന്നോ നോക്കാതെ എതിര്‍ ലിംഗമെന്നനിലയില്‍ ലൈംഗികചോദനകള്‍ തീര്‍ക്കാനുള്ള ഉപകരണമായി സ്വന്തം വീട്ടിലുള്ളവരെത്തന്നെ ഉപയോഗിക്കപ്പെടും. ഈ ഉപഭോഗസംസ്ക്കാര കാലഘട്ടത്തില്‍ എല്ലാറ്റിനെയും   ചരക്കുവല്‍ക്കരിക്കുകയും പണമെന്ന മാനദന്ധത്താല്‍ അളക്കപ്പെടുകയും അവിടെ അന്യന്റെ വാക്കുകള്‍ ആത്മസംഗീതം പോലെ ആസ്വദിക്കപ്പെടുകയെന്നത് ഒരു കിട്ടാക്കനിയായിത്തീരുകയും ചെയ്യുന്നു.     

ഭീമസേനന്‍ വര്‍ത്തമാനം പറയുന്നു

ഭീമസേനന്‍ വര്‍ത്തമാനം പറയുന്നു

ഭീമസേനന്‍ വര്‍ത്തമാനത്തിലും നമ്മുടെയിടയില്‍  ജീവിക്കുന്നു....ഹെ...എന്താ മാഷേ....ഇങ്ങനൊക്കെപ്പറഞ്ഞാല്‍....???  ചോദ്യം സ്വാഭാവികം. നോക്കൂ.. വ്യാസ്സന്റെ  മഹാഭാരതത്തിലെ  ഏറ്റവും മഹത്തായ കഥാപാത്രമാണല്ലോ ഭീമന്‍. ഈ രണ്ടാമൂഴക്കാരന്‍ കായബലമുള്ളവനാണെങ്കിലും പാഞ്ചാലിയുടെ മുന്നില്‍  കേവലം ഭീരുവായാണോ വ്യാസ്സന്‍ പാത്രവല്‍ക്കരിച്ചത്? സംശയം തോന്നുക ന്യായമാണ്. ചൂതില്‍ പണയവസ്തുവായി നില്‍ക്കുമ്പോള്‍  വീരശൂരപരാക്രമങ്ങള്‍കാണിക്കുന്നുണ്ടെങ്കിലും പിന്നീട് വനവാസ്സക്കാലത്തും  അജ്ഞാതവാസ്സക്കാലത്തും അത്രയേറെ ഓജസ്സുള്ളതായിക്കാണുന്നില്ല . മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിലൂടെ അദ്ദേഹമെന്താണ് നമ്മോടു പറയുന്നത്? ഇതില്‍ ഒരു സ്വത്വബോധത്തിന്റെ   സൂചന  മറഞ്ഞിരിക്കുന്നില്ലേ ഉണ്ട് എന്നാണു എന്റെ പക്ഷം.
            മഹാഭാരതത്തിലെ കല്യാണസൌഗന്ധികത്തിന്റെ കഥാഭാഗം പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. വനവാസ്സക്കാലത്തു കുബേരന്റെ ഉദ്യാനത്തിലുള്ള സൌഗന്ധികപ്പൂവിനെക്കുറിച്ചറിയുന്ന ദ്രൌപതി,അക്കാര്യം  തന്റെ രണ്ടാമത്തെ ഭര്‍ത്താവായ ഭീമസേനനോട് കൊഞ്ചിപ്പറയുന്നു;തനിക്കു  പൂ ചൂടാന്‍ അതിയായ മോഹമുണ്ടെന്നും അതു എങ്ങനെയും സംഘടിപ്പിച്ചു തരണമെന്നും. ഇതുകേട്ട ഭീമസേനന്‍ ആദ്യം അത് ദുഷ്ക്കരമാണെന്നും അവിടേക്ക്  പോകുവാനും  പോയാല്‍ത്തന്നെ കുബേരന്റെ ഉദ്യാനത്തില്‍ കയറാന്‍ കഴിയില്ലെന്നും പറയുന്നു. ഇത് കേട്ട പാഞ്ചാലി ഭീമസേനനെ കണക്കറ്റു കളിയാക്കുകയും  പൌരുഷമില്ലാത്തവനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് തന്റെ പൌരുഷം നഷ്ടപ്പെട്ടിട്ടില്ലെന്ന് പാഞ്ചാലിയെ ധരിപ്പിക്കുവാന്‍ വേണ്ടി സൌഗന്ധികത്തിനായി ഭീമന്‍ ഇറങ്ങിത്തിരിക്കുന്നത്‌. 
         ഇവിടെയാണ്‌ പാത്രസൃഷ്ടിയില്‍ വ്യാസ്സന്റെ ധൈഷണികത വെളിവാകുന്നത്. ഭാര്യയുടെ  താളത്തിനൊത്ത് തുള്ളുന്ന ഒരു പെണ്‍കോന്തനെയാണ് നാമിവിടെ കാണുന്നത്.  ഭാര്യയുടെ അഭീഷ്ടം സാധിച്ചു കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്നും എങ്ങിനെയും അത് സാധിച്ചു  കൊടുത്തെങ്കില്‍ മാത്രമേ തനിക്ക് നിലനില്‍പ്പുള്ളെന്നും  മനസ്സിലാക്കിയ ഭീമന്‍ ഒരു കടുത്ത വെല്ലുവിളിയായി ഇതേറ്റെടുക്കുന്നു.പോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഈയൊരു സ്വത്വബോധത്തിന്റെ പൊരുള്‍ നാം തിരിച്ചറിയുന്നു.ഇത് വ്യാസന്റെ ജീവിത കാലഘട്ടത്തിന്റെ കൂടി പ്രതിഫലനമാകാം.യഥാര്‍ത്ഥത്തില്‍ ഇവിടെ ഭീമാസേനന്റെയുള്ളില്‍ ദ്വിമാനസ്വഭാവമുള്ള സ്വത്വബോധങ്ങള്‍ തമ്മില്‍ ഒരു സംഘട്ടനമാണ് നടക്കുന്നത്. അതിലാകട്ടെ വിജയം വരിക്കുന്നത് മുകളില്‍ പറഞ്ഞ പൌരുഷമെന്ന സ്വത്വബോധമാണ് താനും. 
          ഇതൊന്നു വര്‍ത്തമാനത്തിലേയ്ക്ക്  പറിച്ചുനട്ടാല്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത് തന്നെയല്ലേ നടക്കുന്നത്. പുതിയ ഫാഷനിലുള്ള ഒരു ആഭരണം കാണുമ്പോള്‍അല്ലെങ്കില്‍ അയലത്തെ വീട്ടിലെ പുതിയ കാര്‍ കാണുമ്പോള്‍ മുതല്‍ ഭാര്യ ഭര്‍ത്താവിനെ ശല്യപ്പെടുത്താന്‍ തുടങ്ങും.ആദ്യം ചെറിയ തരത്തിലുള്ള സൌന്ദര്യപ്പിണക്കങ്ങളാകുമുണ്ടാവുകപിന്നെപ്പിനെ അത് വളര്‍ന്നു വലുതാകുന്നു. തീരെ സഹികെടുമ്പോള്‍ ജീവിതത്തിന്റെ  രണ്ടറ്റവും  കൂട്ടിമുട്ടിക്കാന്‍ തന്നെ പെടാപ്പാടുപെടുന്ന ഭര്‍ത്താവ് കിടപ്പാടം പണയപ്പെടുത്തി ഭാര്യ പറയുന്ന കാര്യം സാധിച്ചുകൊടുക്കുകയും ഒടുവില്‍  കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ കിടപ്പാടം പലിശക്കാരന്‍ കൊണ്ടുപോകുന്ന സ്ഥിതി  സംജാതമാകുകയും  ചെയ്യുന്നു. ഇവിടെയും  നടക്കുന്നത് സ്വത്വബോധത്തിന്റെ സംഘട്ടനം തന്നെയാണ്.ഭാര്യ പറയുന്നത് എന്തുതന്നെയായാലും നിറവേറ്റിക്കൊടുത്തില്ലെങ്കില്‍ തന്റെ പൌരുഷം ചോദ്യം ചെയ്യപ്പെടുമെന്ന മിഥ്യാ ബോധം പുരുഷനെ അടക്കി ഭരിക്കുന്നു. അതില്‍നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ പിന്നീട് കുടുംബത്തിന്റെ തകര്‍ച്ചയിലേയ്ക്ക് വഴിവയ്ക്കുകയും അതവസ്സാനം കൂട്ടആത്മഹത്യയിലേയ്ക്ക് നയിയ്ക്കുകയും ചെയ്യുന്നു.
        ഇങ്ങനെ ചരിത്രാതീത കാലം മുതല്‍ ഇന്നോളമുള്ള എല്ലാ കൃതികളുടെയും ജീവിതത്തിന്റെയും സാമൂഹികവും സാംസ്ക്കാരികവുമായ പശ്ചാത്തലമെടുത്തു പരിശോധിച്ചാല്‍ എല്ലാകാലഘട്ടത്തിലും ഭീമസേനന്മാര്‍ അവതാരമെടുക്കുന്നത് കാണാന്‍ കഴിയും.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നതെന്ന പരിശോധനയുടെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആ പരിശോധന ചെന്നെത്തിനില്‍ക്കുന്നത് മനുഷ്യന്റെ അമിതമായ ആഡംബരത്തിന്റെയും പണത്തോടുള്ള അത്യാര്‍ത്തിയുടെയും മുന്നിലാണ് താനും.

കവിതയിലെ ബിംബകല്‍പ്പന

കവിതയിലെ ബിംബകല്‍പ്പന

കവിതയിലെ ബിംബകല്‍പ്പന എങ്ങനെ നിര്‍വഹിക്കണമെന്നു ഓരോ കവിയും ഗൃഹപാഠം ചെയ്തു പഠിക്കണം .അപ്പോഴാണ്‌ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ നമ്മുടെ ഒരു ചിന്ത പ്രകാശിപ്പിക്കുവാന്‍ കഴിയുകയുള്ളൂ. ബിംബകല്പ്പന ഒരു നിത്യാഭ്യാസ്സമാണ്.ഇവിടെ പോസ്റ്റു ചെയ്യുന്ന ചിലകവിതകളില്‍ മാത്രമാണ് അതുണ്ടാകുന്നത്.വാരിവലിച്ചു എഴുതിയത് കൊണ്ട് അതില്‍ കവിതയുണ്ടാകനമെന്നില്ല. ചിലര്‍ പറയാറുണ്ട്‌ കവിതയ്ക്ക് ഒരു ലൈക്കും പിന്നെ അതില്‍ നിന്നും രണ്ടു വരി കോപ്പി ചെയ്തുള്ള കമെന്റും മാത്രമാണ് ഓരോരുത്തരും ചെയ്യുന്നതെന്ന്.രണ്ടു വരിയെങ്കിലും കോപ്പി ചെയ്യുന്നുവെങ്കില്‍ അതില്‍ കവിതയുണ്ടെന്നു നാം മനസ്സിലാക്കണം. ഓരോരുത്തര്‍ക്കും കവിതകാണാന്‍ കഴിയുന്നത്‌ അവരുടെ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും.അതുകൊണ്ട് ഈ വേഗതയേറിയ ജീവിതത്തിനിടക്ക് ഏറ്റവും കുറച്ചു സമയം കൊണ്ട് നമ്മുടെ ചിന്ത അവതരിപ്പിയ്ക്കുവാന്‍ ശ്രമിയ്ക്കുകയാണ് കവികള്‍ ചെയ്യേണ്ടത്. ഒരുവാക്കില്‍ ഒരു സാഗരം നിറയ്ക്കാന്‍ കഴിഞ്ഞാല്‍ കവിതയുടെ പേശീബലം കൂടുകയും ആസ്വാദന തീവ്രതയുണ്ടാകുകയും ചെയ്യും. കാവ്യ ബിംബങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പദസംഘാതങ്ങള്‍ ഉണ്ടാക്കുന്ന അര്‍ത്ഥ തലത്തെക്കുറിച്ച് സുവ്യക്തമായ ധാരണ കൈവരിയ്ക്കണമെങ്കില്‍ നിത്യജീവിതത്തിലെ പ്രയോഗങ്ങളും അവ നല്‍കുന്ന ഭാവങ്ങളും കാകദൃഷ്ടിയോടെ കണ്ടറിയണം.ആ ഒരു രചനാതന്ത്രം കൈവശമായാല്‍ കവികള്‍ക്ക് പ്രകാശിപ്പിക്കുന്ന ചിന്തകളിലെല്ലാം കാവ്യാംശം നിറക്കുവാന്‍ കഴിയും

വാക്കുകളുടെ മനശ്ശാസ്ത്രം

വാക്കുകളുടെ മനശ്ശാസ്ത്രം  

വാക്കുകള്‍ എപ്പോഴും പ്രയോഗിക്കുന്നത് മനശ്ശാസ്ത്രപരമായാണ്‌
   .അതിന്റെ മാപനം ഫ്രോയിടിന്റെയും യുങ്ങിന്റെയും മനശ്ശാസ്ത്രവിശകലനത്തിലൂടെയാണ് കൂടുതലും സാദ്ധ്യമായിട്ടുള്ളത് . വാക്കുകളുടെ ഉപയോഗം ഉള്‍ക്കൊള്ളുന്ന മനശ്ശാസ്ത്രത്തിന്റെ  നിര്‍വ്വചനങ്ങള്‍ എപ്പോഴും ദേശകാലത്തിന്റെ സൂചകങ്ങള്‍ കൂടിയാണ്. ഇത് ഓരോ എഴുത്തുകാരനും  അറിഞ്ഞോ അറിയാതെയോ  തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കുകയും അത് അനുവാചകന്റെ മനോമുകുരത്തിലുളവാക്കുന്ന അര്‍ത്ഥതലത്തിന്റെ ഭാവതീവ്രതയെ പരിപോഷിപ്പിക്കുന്നതിനു ഉപോല്‍ബലകമായി  പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ്  പണിക്കന്‍ എന്ന സ്ഥാനപ്പേര് പണിക്കര്‍ ആയി മാറുന്നത്? ഇവിടെ നാം കാണേണ്ടുന്ന വസ്തുത വൈയ്യക്തികമായി മാത്രം  പ്രയോഗിക്കപ്പെടെണ്ടുന്ന  ഏകവചന  ശബ്ദമാണ് പണിക്കനെന്നത്, എന്നാല്‍ അത് ബഹുവചന രൂപമായ പണിക്കര്‍ എന്ന് പ്രയോഗിക്കേണ്ടിവന്നതിനു പിന്നില്‍ ഒരു സാമൂഹിക  ഇടപെടലിന്റെ തെളിമയാര്‍ന്ന ചിത്രം ദൃശ്യമാകുന്നു. ഒരുകാലഘട്ടത്തില്‍  സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിച്ചിരുന്ന കേവലം  പണി ചെയ്യുന്നവനെന്ന അര്‍ത്ഥത്തില്‍ മാത്രം പ്രയോഗിച്ചിരുന്നതാണ്  പണിക്കന്‍ എന്ന പദം.ഇത് പണിക്കര്‍ എന്നായി മാറുന്നതിനു പിന്നില്‍ തൊട്ടുകൂടയ്മക്കും തീണ്ടിക്കൂടായ്മക്കുമെതിരെ നടത്തിയ പോരാട്ടത്തിന്റെ ചരിത്രമുണ്ടെന്നും ആ സമരങ്ങളുടെ പരിണിത ഫലമാണ് ഈ പദത്തിന്റെ ഏകവചനാവസ്ഥയിനിന്നും ബഹുവചനാവസ്ഥയിലെയ്ക്കുള്ള  മാറ്റത്തിന് ഹേതുവെന്നും നാം മനസ്സിലാക്കുന്നു.  ഇതുപോലെ തന്നെ  നമുക്കിന്നു ലഭ്യമായിട്ടുള്ള പലവാക്കുകളുടെയും പിന്നിലൊളിഞ്ഞിരിക്കുന്ന മനശ്ശാസ്ത്രനിര്‍വ്വചനങ്ങള്‍  കണ്ടെത്താനാകും. ഉദാഹരണത്തിന് തേവിടിശ്ശിയെന്ന പദം എങ്ങനെ ഒരു അശ്ലീല വാക്കായി മാറിയെന്നു പരിശോധിക്കാം ദേവന്റെ പാദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടവള്‍ ദേവടിയച്ചിയാണ്(ദേവ+അടി+അച്ചി അഥവാ ആശ്ശി) പില്‍ക്കാലത്ത്‌ രൂപപരിണാമമുണ്ടായ   തേവിടിശ്ശിയാകുന്നത്. ദേവന്റെ പാദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടവളെ പില്‍ക്കാലത്ത് ക്ഷേത്രവാസ്സികളായ  പുരുഷന്മാര്‍ കാമപൂര്‍ത്തിക്കുപയോഗിക്കുകയും കാലക്രമേണ തെവിടിശ്ശിയെന്ന പദം ശ്ലീലത വെടിഞ്ഞു അശ്ലീലത കൈവരിക്കുകയും ചെയ്തു.ഇനി മറ്റൊന്ന് വാക്കുകളുടെ പ്രയോഗത്തിലൂടെ ഉണ്ടാകുന്ന മനശ്ശാസ്ത്രപരമായ അര്‍ത്ഥതലവ്യതിയാനമാണ് . കതകു പകുതിയടഞ്ഞു കിടക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ പകുതി തുറന്നു കിടക്കുകയാണെന്ന വ്യങ്ങ്യാര്‍ത്ഥംനമ്മുടെ മനസ്സില്‍ ഉണ്ടാകുന്നു. ഇത് നെഗറ്റീവ് സെന്‍സ്സിന്റെ ബോധസൂചകമാണ്. അവന്‍ ഇന്നലെ  ജോലിക്ക്  പോയി എന്നതില്‍ നിന്നും ഇന്നോ മിനിഞ്ഞാന്നോ ജോലിക്ക് പോയിട്ടില്ലായെന്ന സൂചന കൂടി വെളിവാക്കപ്പെടുന്നു.