Saturday, September 28, 2013

നഗരവികസനം നശിപ്പിയ്ക്കുന്ന ഭൂമിയുടെ ഹരിതകോശങ്ങള്‍

നഗരവികസനം നശിപ്പിയ്ക്കുന്ന ഭൂമിയുടെ
ഹരിതകോശങ്ങള്‍
===================================






   
   അഷ്ടമുടിക്കായലിന്റെ തീരങ്ങള്‍ പൊതുവേ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ടല്‍ കാടുകളാല്‍ ഒരുകാലത്തു സമ്പന്നമായിരുന്നു. കേരളത്തില്‍ കണ്ടെത്തിയ പതിനഞ്ചിനം കണ്ടല്‍ചെടികളില്‍ പതിമൂന്നിനം സമൃദ്ധമായി വളര്‍ന്നിരുന്നത് അഷ്ടമുടിക്കായലിന്റെ ഓരങ്ങളില്‍ ആയിരുന്നു. ദേശാടനപക്ഷികള്‍ കൂട്ടമായി വന്നെത്തിയിളവേല്‍ക്കാറുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് ഊര്ദ്ദശ്വാസം വലിച്ചുകൊണ്ടിരിയ്ക്കുകയാണ്. മനുഷ്യന്റെ ദീര്‍ഘവീഷണമില്ലാത്ത വികസനത്ത്വരമൂലം കായല്‍ത്തടങ്ങള്‍ മണ്ണിട്ട്‌ നികത്തുകയും തന്മൂലം പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ആകെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തിരിയ്ക്കുന്നു.




  ഇന്ന് അഷ്ടമുടിക്കായലിന്റെ തീരത്ത്‌ അവശേഷിയ്ക്കുന്ന കണ്ടല്‍ക്കാടുകള്‍ ആശ്രാമം മേഖലയില്‍ മാത്രമാണ്,അതുതന്നെ നേരത്തെയുണ്ടായിരുന്നതിന്റെ പത്തു ശതമാനം മാത്രമാണെന്ന് കേരള ശാസ്ത്ര-സാഹിത്യപരീഷത്തു നടത്തിയ പഠനത്തില്‍ പറയുന്നു. ആയിരക്കണക്കിനു ഹെക്ടര്‍പ്രദേശത്തു വ്യാപിച്ചു കിടന്നിരുന്ന കണ്ടല്‍വനം ഇന്ന് അവശേഷിയ്ക്കുന്നത് നൂറു ഹെക്ടറില്‍ താഴെ മാത്രമാണ്. നഗരവികസനത്തിന്റെയും ടൂറിസം വികസനത്തിന്റെയും പേരില്‍ അനേകം ഹെക്ടര്‍ കണ്ടല്‍വനമാണ് ഇവിടെ നശിപ്പിച്ചത്. അപൂര്‍വ്വയിനത്തില്‍പെട്ടകായല്‍മത്സ്യങ്ങളുടെ കലവറയായിരുന്ന അഷ്ടമുടിക്കായല്‍ തന്നെ ഇന്ന് മാലിന്യക്കയമായി മാറി. മത്സ്യങ്ങളുടെ ശേഖരം ഇന്നു തീരെയില്ലാതായിരിയ്ക്കുന്നു. കായല്‍ മത്സ്യബന്ധനം ഉപജീവനമാക്കിയവരുടെ ജീവിതം ഇന്ന് ദുരിതപൂര്‍ണമായി തീര്‍ന്നിരിയ്ക്കുന്നു.



  ഗുരുതരമായ കായല്‍ മലിനീകരണമാണ് കണ്ടല്‍വനങ്ങളുടെ നാശത്തിനു പ്രധാനമായ കാരണങ്ങളിലൊന്ന്. കൊല്ലം നഗരത്തിലെ പ്രധാന ഹൌസ്ബോട്ട് കടവില്‍ എത്തുന്ന വിനോദസഞ്ചാരികളെ ലക്‌ഷ്യം വച്ച് നൂറുകണക്കിന് ഹൌസ്ബോട്ട് സര്‍വ്വീസുകള്‍, മറ്റു യാത്രാബോട്ടുകള്‍ തുടങ്ങിയവയില്‍ നിന്നും പ്രവഹിയ്ക്കുന്ന പ്രെട്രോളിയം മാലിന്യങ്ങളിലും  നഗരത്തിലെ ഒടാകളിലൂടെ ഒഴുകിയെത്തുന്ന ഖര ദ്രാവ മാലിന്യങ്ങളിലും നിന്നും ഉണ്ടാകുന്ന രാസമാലിന്യങ്ങള്‍ കായലില്‍ നിന്നും കണ്ടല്‍ക്കാടിനെ നശിപ്പിയ്ക്കുംപോള്‍, ലിങ്ക് റോഡിനു വേണ്ടിയും ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിനു വേണ്ടിയും ഹെക്ടര്‍ കണക്കിന് കണ്ടല്‍ക്കാട് കരയില്‍നിന്നും സര്‍ക്കാര്‍ എജെന്‍സികളും നശിപ്പിച്ചു. അങ്ങനെ രണ്ടു തരത്തിലുള്ള നശീകരണമാണ് ഇവിടെ നടന്നുകൊണ്ടിരിയ്ക്കുന്നത്‌. ഇത് വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ് ഇവിടെ ഉണ്ടാക്കിയിരിയ്ക്കുന്നത്.





       വംശനാശഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്ന കുളവെട്ടി കണ്ടലുകള്‍ നിറഞ്ഞ ആശ്രാമം കണ്ടല്‍ത്തുരുത്തു സംരക്ഷിയ്ക്കേണ്ടത് ഓരോ പ്രക്രുതിസ്നേഹിയുടെയും കടമയാണെന്ന് മനസിലാക്കി ഈ കണ്ടല്‍ക്കാടുകള്‍ നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.